6~ാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് ആന്റോ ഒരു ഹോബിയെന്ന നിലയില്‍ അലങ്കാരക്കോഴികളെ വളര്‍ത്തി തുടങ്ങിയത്. പഠനം കഴിഞ്ഞ് ജോലി തേടി ഗള്‍ഫില്‍ പോയി, പിന്നീട് തിരിച്ച് നാട്ടിലെത്തിയപ്പോള്‍ "കിഴക്കൂടന്‍ ടര്‍ക്കി ഫാം' തുടങ്ങാന്‍ കാരണമായതും ഈ കോഴി പ്രേമം തന്നെ. പത്തുവര്‍ഷം പിന്നിടുന്ന ഫാമില്‍ വിദേശ ഇനങ്ങളായ ടര്‍ക്കി, ഗിനി, സില്‍ക്കി, പോളിഷ് ക്യാപ്, കൊച്ചിന് ബാന്റം തുടങ്ങിയ അലങ്കാരക്കോഴികളുണ്ട്.
ഓമനപക്ഷികളായും മാംസത്തിനുവേണ്ടിയും വളര്‍ത്തുന്ന ഇവയെ തേടി കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളം പേര് കിഴക്കൂടനിലെത്തുന്നു.
ചാലക്കുടിയ്ക്കടുത്ത് എലഞ്ഞിപ്രയില്‍ വീടിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ കൂടുകളിലാണ് കോഴികളെ വളര്‍ത്തുന്നത്. ഓരോ ഇനത്തിനും പ്രത്യേകം കൂടുകളുണ്ട്. ഇതില്‍തന്നെ പ്രായത്തിനനുസരിച്ച് വേര്‍തിരിച്ച് വളര്‍ത്തുന്നു.
ഇന്‍ക്യുബേറ്ററില്‍വെച്ച് മുട്ട വിരിയിച്ചെടുക്കുന്നതു മുതല്‍ അതീവശ്രദ്ധയും പരിചരണവും നല്‍കിയാണ് ആന്റോ കോഴികളെ വളര്‍ത്തുന്നത്. ഫാമും പരിസരവും എപ്പോഴും ശുചിയായിരിക്കണമെന്ന കാര്യം ആന്റോയ്ക്ക് നിര്‍ബന്ധമാണ്. ഫാമും ചുറ്റുമുള്ള പ്രദേശവും എല്ലാ ദിവസവും വൃത്തിയാക്കി അണുനാശിനി തളിച്ച് അണുവിമുക്തമാക്കുന്നു. ഏറ്റവും വൃത്തിയുള്ള ഫാം എന്ന പരിയാരം പഞ്ചായത്തിന്റെ അംഗീകാരവും കിഴക്കൂടന്‍ ടര്‍ക്കി ഫാമിനെ തേടിയെത്തിയിട്ടുണ്ട്.
പേര് സൂചിപ്പിക്കുന്നതുപോലെ ഫാമിലെ ആധിപത്യം ടര്‍ക്കികോഴികള്‍ക്കാണ്. വലിപ്പത്തില്‍ മുന്നില്‍ നില്ക്കുന്നതും ഇവ തന്നെ. തുര്‍ക്കി ജന്മദേശമായ ഇവയിലെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ പൂവന് 10 മുതല്‍ 13 കിലോ വരെയും പിട 4 മുതല്‍ 51/2 കിലോ വരെയും തൂക്കമുണ്ടാകും. പല വിദേശരാജ്യങ്ങളിലും ബ്രോയ്ലര്‍ കോഴികളെ പോലെ ഇറച്ചിക്കുവേണ്ടി ഇവയെ വളര്‍ത്തുന്നുണ്ട്.
കൊഴുപ്പ് കുറവായ ടര്‍ക്കി മാംസത്തിന് ഇന്ത്യയിലും പ്രചാരമേറി വരികയാണ്. 200 മുതല്‍ 250 രൂപവരെ ഒരു കിലോ ഇറച്ചിക്ക് വിലയുണ്ട്. ജീവനോടെ വില്ക്കുമ്പോള് 150 രൂപ ലഭിക്കുന്നു.
വര്‍ഷത്തില്‍ എല്ലാ കാലവും മുട്ടയിടുന്ന ഇവ അടയിരിക്കാറില്ല. വിരിഞ്ഞിറങ്ങുമ്പോള്‍ സാധാരണ കോഴിക്കുഞ്ഞുങ്ങളേക്കാള്‍ അല്പം വലിപ്പക്കൂടുതലുള്ള ഇവ 6~8 മാസം പ്രായമാകുമ്പോഴേക്കും പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുന്നു. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് ഒന്നിന് 75~100 രൂപയും രണ്ടര മാസമായവയ്ക്ക് ജോഡിക്ക് 500 രൂപയും വിലയുണ്ട്.
മുറ്റത്ത് അഴിച്ചുവിട്ടും ഇവയെ വളര്‍ത്താവുന്നതാണ്. ദൂരെ പോയാലും സന്ധ്യയായാല്‍ കൂടണയും. ശബ്ദം കേട്ടാല്‍ ദേഷ്യപ്പെടുകയും ഒരുതരം ശബ്ദമുണ്ടാക്കി ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഇവയുടെ സ്വഭാവമാണ്. തീറ്റയ്ക്കുശേഷം പരസ്പരം സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് പീലി വിടര്‍ത്തി നൃത്തം വെയ്ക്കുകയും ചെയ്യും.
ആഫ്രിക്കന്‍ കാടുകളില്‍ കാണുന്ന പക്ഷിയാണ് ഗിനി. കാട്ടില്‍ പുല്ല്, ചിതല്, പ്രാണി എന്നിവയാണ് ഭക്ഷണം. ഇവയെ പിന്നീട് വീടുകളില്‍ ഇണക്കി വളര്‍ത്തി തുടങ്ങി. പൂവനെയും പിടയെയും ശബ്ദത്തില്‍ നിന്ന് തിരിച്ചറിയാം. വര്‍ഷകാലത്തു മാത്രം മുട്ടയിടുന്ന ഇവ കാടുകളില്‍ പൊന്തക്കാടിനുള്ളില്‍ മുട്ടയിട്ട് അടയിരുന്നാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്.
കേരളത്തില്‍ ഏപ്രില്‍ തുടങ്ങി ഒക്ടോബര്‍ അവസാനംവരെ മുട്ടയിടാറ്. ഒരുദിവസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് 50രൂപയും വളര്‍ച്ചയെത്തിയവക്ക് ജോഡിക്ക് 700 രൂപ മുതല്‍ 1000 രൂപ വരെയും വിലയുണ്ട്. രുചികരമായ ഇറച്ചിയാണെന്നതാണ് ഇവയെ ഭക്ഷണപ്രിയരുടെ ഇഷ്ടഭോജ്യമാക്കുന്നത്.
പോളണ്ടില്‍നിന്നുള്ള പോളിഷ് ക്യാപും ചൈനയില്‍നിന്നുള്ള സില്‍ക്കിയും ജപ്പാനില്‍നിന്നുള്ള കൊച്ചിന് ബാന്റവുമൊക്കെ കുഴക്കൂടന്‍ ടര്‍ക്കി ഫാമിലെ ആകര്‍ഷണീയതകളാണ്. സാധാരണ കോഴിയുടെ വലിപ്പമേ ഉള്ളൂവെങ്കിലും തൂവലുകളും തൊപ്പിയുമാണ് ഇവയെ മനോഹരമാക്കുന്നത്. പോളിഷ് ക്യാപ്പിനും സില്‍ക്കിക്കും തലയില്‍ വലിയ തൊപ്പി പോലെ തൂവലുകള്‍ ഉയര്‍ന്നു നില്ക്കുന്നു.
കൊച്ചിന് ബാന്റത്തിന് തലയില്‍ തൊപ്പിയില്ലെങ്കിലും വിരലില്‍ വരെ തൂവലുകളുണ്ട്. അടയിരുന്ന് മുട്ട വിരിയിക്കുന്ന ഇവ 6 മാസമാകുമ്പോള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു. പോളിഷ് ക്യാപ്പിനും കൊച്ചിന് ബാന്റത്തിനും ജോഡിക്ക് 3000 രൂപവരെയും സില്‍ക്കിക്ക് 2000 രൂപവരെയും വിലയുണ്ട്.
""വിദേശ ഇനങ്ങളായതുകൊണ്ട് ഇവയ്ക്കെല്ലാം ഏതു കാലാവസ്ഥയേയും അതിജീവിക്കാനുള്ള കഴിവുണ്ട്. വൃത്തിയുള്ള അന്തരീക്ഷത്തില്‍ നല്ല പരിചരണം നല്കി വളര്‍ത്തിയാല്‍ അലങ്കാരക്കോഴികളില്‍ നിന്ന് നല്ല ആദായം കിട്ടും.'' ആന്റോ പറയുന്നു.
ഒരേ സമയം 1500 മുട്ടകള്‍ വിരിയിച്ചെടുക്കാന്‍ കഴിയുന്ന ഇന്‍ക്യു ബേറ്ററാണ് ഫാമിലുള്ളത്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ രണ്ടാഴ്ച കാടത്തീറ്റയാണ് കൊടുക്കുന്നത്. പിന്നീട് രണ്ടരമാസം വരെ സ്ററാര്‍ട്ടര്‍ കൊടുക്കുന്നു. അതിനുശേഷം എല്ലാ തീറ്റയും നല്‍കാം. വീട്ടിലെ ഭക്ഷണപദാര്‍ത്ഥങ്ങളുടെ വേസ്ററ്, ചോറ്, നെല്ല്, ഗോതമ്പ്, തവിട്, പിണ്ണാക്ക് എന്നിവയെല്ലാം നല്‍കും. ഇതിനുപുറമെ പച്ചപ്പുല്ല് അരിഞ്ഞു നല്‍കുകയും ചെയ്യുന്നു. കുടിക്കുന്ന വെള്ളത്തില്‍ വിറ്റാമിന്‍ ചേര്‍ത്തു നല്‍കുന്നത് വളര്‍ച്ചയ്ക്ക് സഹായിക്കും.
യഥാസമയങ്ങളില്‍ പ്രതിരോധമരുന്നുകള്‍ നല്‍കേണ്ടതും ആവശ്യമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ലെസോട്ട വാക്സിന് ഓരോ തുള്ളി കണ്ണിലും മൂക്കിലും ഇറ്റിക്കുന്നതും 21 ദിവസത്തിനുള്ളില്‍ ഐ ബി ഡി വാക്സിന് നല്‍കുന്നതും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. കോഴി വസന്ത, കുരിപ്പ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പും എടുക്കുന്നു. ഇതുകൊണ്ടു തന്നെ കാര്യമായ അസുഖങ്ങളൊന്നും കോഴികളെ ബാധിക്കാറില്ല.
മുകുന്ദപുരം താലൂക്കിലെ വെറ്ററിനറി അസോസിയേഷന്റെ നല്ല ടര്‍ക്കി ഫാമിനുള്ള പുരസ്കാരം കിഴക്കൂടന്‍ ഫാമിന് ലഭിച്ചിട്ടുണ്ട്.
ആഗോള നിലവാരത്തിലേക്ക് ഫാമിനെ ഉയര്‍ത്തണമെന്നാണ് ആഗ്രഹമെന്ന് ആന്റോ പറഞ്ഞു. കൂടുതല്‍ ഇനങ്ങളിലുള്ള അലങ്കാരക്കോഴികള്‍, പ്രാവുകള്‍ എന്നിവയെ കൊണ്ടുവന്ന് ഫാം വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആന്റോ. ഫോണ്‍ : 0480 - 2702206മൊബൈല്‍ : 9961519740
കടപ്പാട് - നമ്മുടെ മലയാളം