പശുവളര്‍ത്തലില്‍ നൂറുദ്ദീന്‍ തികച്ചത് നാലു പതിറ്റാണ്ട്
കോഴിക്കോട് ജില്ലയിലെ പശുവളര്‍ത്തലുകാര്‍ക്ക് ഏറെ സുപരിചിതനാണ് കൊയിലാണ്ടിക്കടുത്ത് ചെങ്ങോട്ട്‌കാവ് പഞ്ചായത്തിലെ ചേലിയയിലെ മുതിരപ്പറമ്പത്ത് നൂറുദ്ദീന്‍. പശുവളര്‍ത്തലിലെ സീനിയോറിറ്റി നോക്കിയാല്‍ നൂറുദ്ദീനെ കടത്തിവെട്ടാന്‍ അധികംപേരൊന്നും ഈ ജില്ലയില്‍ കാണില്ല. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ബാപ്പയെ പശുവളര്‍ത്തലില്‍ സഹായിച്ച കഥയാണ് നൂറുദ്ദീന്‍േറത്. ഈ രംഗത്ത് നാല്‌പതു വര്‍ഷത്തെ പരിചയം. പിതാവായ കോയട്ടിഹാജിക്ക് ഏറെ പശുക്കളും ആടുകളുമുണ്ടായിരുന്നു. എസ്.എസ്.എല്‍.സി. പഠനത്തോടെ വിദ്യാഭ്യാസം നിര്‍ത്തിയ നൂറുദ്ദീന്‍ പശുപരിപാലനത്തില്‍ പ്രായോഗിക ഉപരിപഠനം തുടങ്ങി.
ചെറിയതോതില്‍ നടത്തിവന്ന പശുവളര്‍ത്തലില്‍ ഒരു വഴിത്തിരിവ് വന്നത് 35വര്‍ഷം മുമ്പ് പേരാമ്പ്രയില്‍ സ്റ്റേറ്റ്‌ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു കാര്‍ഷിക വികസന ബ്രാഞ്ച് തുടങ്ങിയതോടെയാണ്. പേരാമ്പ്രയിലും പരിസരങ്ങളിലും മികച്ചയിനം പശുക്കളെ വാങ്ങാന്‍ ഈ ബാങ്ക് ലോണ്‍ കൊടുത്തുതുടങ്ങി. അന്നത്തെ ഒരു പശുവിന്റെ ലോണ്‍തുക 3000 രൂപയായിരുന്നു. ഈ തുകകൊണ്ട് 15 ലിറ്റര്‍ പാല്‍ കിട്ടുന്ന എച്ച്.എഫ്. സങ്കരയിനം പശുവിനെ നൂറുദ്ദീന്‍ കരസ്ഥമാക്കി. പില്‍ക്കാലത്ത് കൂടുതല്‍ സങ്കരയിനങ്ങളെ വാങ്ങി ഫാം വിപുലീകരിച്ചു.
നല്ല ഒരു ഡയറി ഫാം നടത്തുന്നതോടൊപ്പംതന്നെ നൂറുദ്ദീന്‍ നല്ലയിനം പശുക്കളെക്കൊണ്ടു വന്ന് വില്‌പനയും തകൃതിയിലാക്കി. പശുപരിപാലനത്തില്‍ തത്‌പരയായ സൗദ നൂറുദ്ദീന്റെ ജീവിതപങ്കാളിയായതോടെ പശുവളര്‍ത്തലില്‍ കൂടുതല്‍ ലാഭം ലഭിക്കുവാന്‍ തുടങ്ങി.
ഏറെ ജോലിയും നൂറുദ്ദീന്‍ സ്വന്തമായി ചെയ്യുന്നു. പച്ചപ്പുല്ല് മുടങ്ങാതെ കൊടുക്കാനായി തീറ്റപ്പുല്‍ കൃഷിയും ചെയ്യുന്നു. ഈ ആവശ്യത്തിനായി ഒരേക്കറിലധികം സ്ഥലത്ത് നൂറുദ്ദീന്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നുണ്ട്. രോഗം വരുമ്പോള്‍ യഥാവിധി മൃഗാസ്‌പത്രിയുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്നു.
കൊയിലാണ്ടി താലൂക്കില്‍ ഏറ്റവും അധികം പാല്‍ സൊസൈറ്റികള്‍ക്ക് കൊടുക്കുന്നതിനുള്ള മില്‍മയുടെ സമ്മാനം നൂറുദ്ദീനെ തേടിയെത്തിയിട്ടുണ്ട്. ഏതാനും വര്‍ഷമായി ഈ രംഗത്ത് തന്നെ കടത്തിവെട്ടാന്‍ നൂറുദ്ദീന്‍ മറ്റാരെയും അനുവദിച്ചിട്ടില്ല.
മൂന്നു പ്രസവം കഴിയുമ്പോള്‍ പശുക്കളെ വില്‍ക്കുന്നു. കാളക്കുട്ടന്മാരെ ചെറുപ്പത്തില്‍ത്തന്നെ വില്‍ക്കുകയും പശുക്കുട്ടികളെ വളര്‍ത്തുകയുമാണ് ചെയ്യാറ്. ഇവിടെ പ്രവര്‍ത്തിപ്പിക്കുന്ന ബയോഗ്യാസ് പ്ലാന്റ് വഴി വീട്ടാവശ്യത്തിനുള്ള ഗ്യാസ് ലഭിക്കുന്നു.
നൂറുദ്ദീനും സൗദയും ഏറെ വാചാലരാവുന്നത് തങ്ങളുടെ നന്ദിനി പശുവിനെപ്പറ്റി പറയുമ്പോഴാണ്. ആദ്യത്തെ പ്രസവത്തില്‍ത്തന്നെ പ്രതിദിനം 33 ലിറ്റര്‍ പാല്‍ നന്ദിനി എന്ന ഹോള്‍സ്റ്റീന്‍ ഫ്‌റീഷ്യനില്‍നിന്ന് ലഭിച്ചുവത്രെ. നന്ദിനിയെ ദിനംപ്രതി മൂന്നുനേരം കറക്കുന്നു. മൂന്നാമത്തെ പ്രസവത്തോടെ നന്ദിനിക്ക് ദിനംപ്രതി 40 ലിറ്ററില്‍ കുറയാതെ പാല്‍ ലഭിക്കുമെന്നാണ് നൂറുദ്ദീന്റെ പ്രതീക്ഷ.
നന്ദിനിക്ക് 150 രൂപയുടെ തീറ്റച്ചെലവ് വരുന്നു. പാല്‍ വില്‍ക്കുന്ന വകയില്‍ മാത്രം 450 രൂപയോളം വരുമാനം കാണും. ദിനംപ്രതി 300 രൂപ ലാഭം. നൂറുദ്ദീന്റെ മൊബൈല്‍ നമ്പര്‍: 9745430780.
***********************************************
എന്റെ അനുഭവം
നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന കൂലിച്ചെലവും കാലിത്തീറ്റയുടെ വിലവര്‍ദ്ധനയും ലഭ്യതക്കുറവും ക്ഷീര കര്‍ഷകന്റെ നട്ടെല്ലൊടിക്കുമ്പോള്‍ ഇത്തരം പത്ര വാര്‍ത്തകളിലൂടെ ആകൃഷ്ടരായി ഈ മേഖലയിലേയക്ക് വരുന്നവര്‍ ആത്മഹത്യ തന്നെയാവും ചെയ്യേണ്ടിവരുക. ലിറ്ററിന് 17 രൂപ മില്‍മയുടെ കവര്‍ പാലിന് വിലയുണ്ടായിരുന്നപ്പോള്‍ 850 രൂപയടുപ്പിച്ച് ഒരു ചാക്ക് എള്ളിന്‍ പിണ്ണാക്കിനുണ്ടായിരുന്നത് പാല്‍വില 19 രൂപയായി ഉയര്‍ന്നപ്പോള്‍ പിണ്ണാക്കിന് 1500 രൂപയായി ഉയര്‍ന്നു. അത് മറ്റെല്ലാതീറ്റകള്‍ക്കും വില വര്‍ദ്ധിച്ചത് മാത്രമല്ല കിട്ടാനും ഇല്ല. എനിക്ക് കറവ സ്വയം ചെയ്യാന്‍ കഴിയുന്നു, തീറ്റപ്പുല്ല് പുരയിടത്തില്‍ത്തന്നെ ലഭ്യമാണ്, പാല് 18 രൂപ ലിറ്ററൊന്നിന് വില്‍ക്കുന്നു, പശുക്കള്‍ക്ക് വലിയ രോഗങ്ങളില്ല, ബയോഗ്യാസ് പ്ലാന്റും സ്ലറിയും പ്രയോജനപ്പെടുത്തുന്നു എന്നിട്ടും അഞ്ചു പൈസയുടെ ലാഭം എനിക്കില്ല എന്നുമാത്രമല്ല പ്രതിമാസം 6500 രൂപയുടെ പിണ്ണാക്കും കാലിത്തീറ്റയും ഞാന്‍ വാങ്ങുമ്പോള്‍ അത്രയും തുക പാലില്‍നിന്ന് ലഭിക്കണമെങ്കില്‍ പ്രതിദിനം എത്ര ലിറ്റര്‍ പാല്‍ വില്‍ക്കണം എന്ന് ഊഹിക്കാവുന്നതേയുള്ളു. ശരാശരി 10 ലിറ്ററില്‍ കൂടുതല്‍ കറക്കണം എന്ന ആഗ്രഹം എനിക്കില്ല. കഴിക്കുന്ന പാലിന് ഗുണം വേണം എന്ന ആഗ്രഹം ഉണ്ട്.