ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

മലയാളം ഫോണ്ട് വ്യക്തമായി വായിക്കുന്നതിനു http://font.downloadatoz.com/downloading,2138,kartika.html ഇന്‍സ്റ്റാള്‍ ചെയ്യുക






എല്ലാ ആഴ്ചയിലും ബ്ലോഗില്‍ പുതിയ വിവരങ്ങള്‍ ഉല്‍പെടുത്തുന്നതാണ് ഈ ബ്ലോഗില്‍ നിന്നും ലഭികുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന സാബത്തിക ഇടപാടുകള്‍ക്ക് യാതൊരുവിധ ഉത്തരവാദവും ഉണ്ടായിരിക്കുകയില്ല വളര്‍ത്തു പക്ഷികളും ആയി ബന്ധപെട്ടിട്ടുള്ള നിങ്ങളുടെ അറിവുകളും ആവശ്യങ്ങളും പ്രസിധപെടുത്തുന്നതിനു ബന്ധപെടുക


ഞായറാഴ്‌ച, ഫെബ്രുവരി 06, 2011

മണ്ണിന്റെ ആത്മാവിനെ തിരിച്ചുപിടിച്ച വേങ്ങേരി









കെട്ടിടം പണിയാന്‍ മണ്ണിട്ട് നികത്തിയ നെല്‍പ്പാടത്തുനിന്ന് മണ്ണ് കോരി മാറ്റി വീണ്ടും കൃഷിയിറക്കിയതിനെക്കുറിച്ച് കേട്ടാല്‍ പറഞ്ഞവന് ഭ്രാന്താണെന്ന് നാം വിചാരിക്കും. ഇത് സംഭവിച്ചത് കോഴിക്കോട് പട്ടണത്തിലാണെങ്കിലോ? തീര്‍ച്ചയായും കടുത്ത വട്ടുതന്നെയാണെന്ന് നാം കരുതും. എന്നാല്‍ സംഗതി നടന്നതു തന്നെയാണ്. കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട വേങ്ങേരിയിലെ കണ്ണാടിക്കല്‍-പറമ്പില്‍ ബസാര്‍ റോഡരികില്‍ ഒരു സെന്റ് സ്ഥലത്തിന് രണ്ടര ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇപ്പോള്‍ മാര്‍ക്കറ്റ് വില. ഈ റോഡരികിലുള്ള അമ്പത് സെന്റ് നികത്തിയ നിലമാണ് വീണ്ടും കൃഷിയിറക്കാനായി മണ്ണ് കോരിമാറ്റിയത്. വയലിന്റെ ആത്മാവിനെ തിരിച്ചുപിടിച്ച ഈ ഭൂമിയില്‍ രണ്ട് തവണ നെല്‍ കൃഷിയിറക്കിക്കഴിഞ്ഞു. കോഴിക്കോട് നഗരത്തില്‍ നിന്നും വെറും 9 കിലോമീറ്റര്‍ ദൂരമുള്ള വേങ്ങേരി നേതാജി ലൈബ്രറി പരിസരത്തുള്ള നൂറ്റൊന്ന് കുടുംബങ്ങളുടെ കൂട്ടായ്മയാണ് 'നിറവ്' റസിഡന്‍സ് അസോസിയേഷന്‍. സാധാരണ റസിഡന്‍സ് അസോസിയേഷനുകളുടെ സ്ഥിരം കലാപരിപാടികളെല്ലാം വേണ്ടെന്ന് വച്ച് കൃഷിഭൂമിയിലേക്ക് ഇറങ്ങിയ 'നിറവി'ന്റെ കണ്‍വീനര്‍ പി പി മോഹനന്റേതാണ് മണ്ണ് കോരി മാറ്റിയ പാടം. നിറവിലെ അംഗങ്ങളുടെ സ്വന്തം പറമ്പും വീട്ടുമുറ്റവും കൂടാതെ എല്ലാവര്‍ക്കും ഒത്തൊരുമിച്ച് കൃഷി ചെയ്യുന്നതിന് പൊതുവായ കൃഷിയിടവും ഇവിടെയുണ്ട്. മണ്ണെടുത്തുമാറ്റിയ പാടത്തിന്റെ കരയിലാണ് 'നിറവ്' കൂട്ടായ്മയുടെ പൊതു കൃഷിയിടം. ഇവിടെ വാഴ, വഴുതന, വെണ്ട, കോളിഫ്‌ളവര്‍, കാബേജ്, പച്ചമുളക്, പയര്‍, പീച്ചിങ്ങ, പടവലം, പാവല്‍, ചീര എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇത്തരത്തില്‍ സജീവമായ 11 റെസിഡന്റ്‌സ് അസോസിയേഷനുകളാണ് വേങ്ങേരിയില്‍ ഉള്ളത്.

വയലും തോടും സമതലവുമുള്ള ഇവിടെ ഭൂപ്രകൃതിക്ക് അനുസരിച്ച് കൃഷിയിടങ്ങളെ തിരിച്ച് അതാത് പ്രദേശത്തെ മണ്ണിന് അനുയോജ്യമായ ഉത്പന്നങ്ങളാണ് ഓരോ റെസിഡന്റ്‌സ് അസോസിയേഷനുകളും കൃഷി ചെയ്യുന്നത്. ബി ടി വഴുതനയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭ പരിപാടികളും വിവിധതരത്തിലുള്ള സമരമുറകളും അരങ്ങേറിയപ്പോള്‍ വേങ്ങേരിക്കാരും വെറുതെയിരുന്നില്ല. രാജ്യത്തിനാകമാനം മാതൃകയാക്കാവുന്ന ഒരു സമരമുറയാണ് അവര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. നാട്ടില്‍ പ്രചരിച്ച വിവിധയിനത്തിലുള്ള വഴുതനങ്ങകളുടെ വിത്തുകള്‍ ശേഖരിച്ച് ഒരു ലക്ഷം തൈകള്‍ നട്ടുമുളപ്പിച്ച് വിളവെടുത്തു. ഒരടിയിലേറെ നീളമുള്ള വഴുതനങ്ങയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വേങ്ങേരിയിലെ എല്ലാ വീടുകളിലും വഴുതനയുടെ വിത്ത് മുളപ്പിച്ച് അടുക്കളത്തോട്ടതിലും പൊതുകൃഷിയിടങ്ങളിലും വളര്‍ത്തി വിളവെടുത്ത് വേങ്ങേരിയിലും പരിസരത്തും വിപണനം നടത്തി. ഗീത ദേവദാസ് എന്ന വീട്ടമ്മ പതിനായിരം വഴുതന തൈകളാണ് നട്ടുമുളപ്പിച്ച് വിതരണം ചെയ്തത്.

വേങ്ങേരിയിലെ 18 ഏക്കര്‍ വരുന്ന നെല്‍പ്പാടം ഒരുദശകത്തിലേറെക്കാലം കൃഷിയില്ലാതെ കിടന്നിരുന്നത് ഈ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിളവിറക്കി. ഒരുതരി രാസവളമോ ഒരുതുള്ളി കീടനാശിനിയോ ഉപയോഗിക്കാതെയാണ് സമ്പൂര്‍ണ ജൈവകൃഷി പത്തേക്കര്‍ പാടത്ത് നടത്താന്‍ ഇവര്‍ക്ക് കഴിഞ്ഞു. അഞ്ചേക്കറില്‍ ജനകീയ കൂട്ടായ്മയും ബാക്കി അഞ്ചേക്കറില്‍ സ്വകാര്യവ്യക്തികളുമായിരുന്നു കൃഷി നടത്തിയത്. സുഗതകുമാരി ടീച്ചറായിരുന്നു വിത്ത് വിതയയ്ക്കാന്‍ എത്തിയത്. വേങ്ങേരിയുടെ ജനകീയ ഉത്സവമായിരുന്നു കൊയ്ത്ത് വരെയുള്ള നാളുകള്‍. കോര്‍പ്പറേഷന്‍ ഏഴാം വാര്‍ഡില്‍പ്പെട്ട 1800 ഓളം വീടുകളില്‍ നിന്ന് കുറഞ്ഞത് ഒരാളെങ്കിലും ഈ പാടത്തിറങ്ങി കൃഷി ചെയ്യുന്നതിന് സഹായിച്ചു. വേങ്ങേരിയിലെ മുതിര്‍ന്ന കര്‍ഷകത്തൊഴിലാളികളുടെയും കൃഷിക്കാരുടെയും മേല്‍നോട്ടത്തില്‍ കുട്ടികളും യുവാക്കളും യുവതികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും എല്ലാം കൃഷിയില്‍ പങ്കാളികളായി. വേങ്ങേരിക്ക് സമീപമുള്ള പ്രൊവിഡന്‍സ് കോളെജ് കുട്ടികള്‍ പാടം ഒരുക്കാനും ഞാറ് വിതയ്ക്കാനും നടാനും നനയ്ക്കാനും കളപറിക്കാനും നെല്ല് കൊയ്യാനും നാട്ടുകാരോടൊപ്പം കൂടി. കൊയ്‌തെടുത്ത നെല്ലിന്റെ ഒരോഹരി എല്ലാ വീടുകളിലും എത്തിച്ചു. അന്യനാടുകളില്‍ നിന്നെത്തുന്ന അരി വാങ്ങി ചോറുണ്ടിരുന്ന വേങ്ങേരിക്കാര്‍ക്ക് തങ്ങളുടെ വിയര്‍പ്പിന്റെ രുചിയറിയാന്‍ മാത്രമല്ല ഒരു കൂട്ടായ്മ തിരിച്ചുപിടിച്ച കാര്‍ഷികപാരമ്പര്യത്തിന്റെ മഹത്വം മറ്റുള്ളവരെ അറിയിക്കാനും കൂടി സാധിച്ചു. മേധാ പട്കറും സുന്ദര്‍ലാല്‍ ബഹുഗുണയും അടക്കമുള്ള ലോകപ്രശസ്തരായ ആളുകള്‍ ഇതിനിടെ വേങ്ങേരിയിലെ 'ഗ്രീന്‍ വേള്‍ഡി'ലെത്തി അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നല്‍കി. അടുത്തിടെ കൊറിയയിലെ ജൈവകര്‍ഷകരുടെ കൂട്ടായ്മയില്‍പെട്ടവരും വേങ്ങേരി സന്ദര്‍സിക്കാന്‍ എത്തിയിരുന്നു.
കൃഷിയിറക്കുക മാത്രമല്ല വരും കാലത്തേയ്ക്കുള്ള വിത്തുകള്‍ തയ്യാറാക്കി സൂക്ഷിക്കാനും ഇവര്‍ ശ്രദ്ധിക്കുന്നുണ്ട്. നെല്ല് കൊയ്ത ശേഷം ഇതേ പാടത്ത് തന്നെ 12 ഏക്കറില്‍ പച്ചക്കറി കൃഷിയും നടത്തി. ഓരോ ഭാഗങ്ങളായി തിരിച്ച് റസിഡന്‍സ് അസോസിയേഷനുകള്‍ക്കും സീനിയര്‍ സിറ്റിസണ്‍ ഫോറത്തിനും സ്‌കൂള്‍ കുട്ടികള്‍ക്കും കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം നല്‍കിയാണ് പച്ചക്കറി കൃഷി നടത്തിയത്. പയറും പാലവും പടവലവും ചീരയും വെള്ളരിയുമൊക്കെ നട്ട് വിളവെടുത്തുകഴിഞ്ഞു. കഴിഞ്ഞ വിഷുവിന് ഒന്നരലക്ഷത്തിലേറെ രൂപയുടെ പച്ചക്കറികളാണ് സ്വന്തം ആവശ്യം കഴിഞ്ഞ് വേങ്ങേരിക്കാര്‍ വിറ്റഴിച്ചത്.

ഈ വര്‍ഷം പതിനയ്യായിരം നാടന്‍ വാഴകളാണ് വേങ്ങേരിയുടെ വിവിധ സ്ഥലങ്ങളില്‍ നട്ടുവളര്‍ത്തിയിരിക്കുന്നത്. ഏത്തവാഴയും ഞാലിപ്പൂവനും കദളിയും പാളയംതോടനുമെല്ലാം കുലച്ചുതുടങ്ങി. റെസിഡന്റ്‌സ് അസോസിയേഷനുകളെ കൂടാതെ സീനിയര്‍ സിറ്റിസണ്‍ സംഘടനയും കൃഷിയില്‍ സജ്ജീവമായുണ്ട്. രണ്ട് വലിയ കൃഷിയിടങ്ങളാണ് വേങ്ങേരിയിലെ മുതിര്‍ന്ന തലമുറയുടെ മേല്‍നോട്ടത്തില്‍ കൃഷി നടത്തുന്നത്. ഒരു സ്ഥലത്ത് നാനൂറോളം ചേനകളും മറ്റൊരിടത്ത് വാഴയും പച്ചക്കറികളുമാണ് ഇവര്‍ കൃഷി ചെയ്യുന്നത്. വേങ്ങേരിയിലെ കൃഷിയിടങ്ങള്‍ക്ക് ആവശ്യമായ ജൈവവളം ഉത്പാദിപ്പിക്കുന്നത് ഇവിടെത്തന്നെയാണ്. 1800 വീടുകളുള്ള ഈ വാര്‍ഡില്‍ അറുപത് കുടുംബങ്ങളില്‍ കന്നുകാലികളെ വളര്‍ത്തുന്നുണ്ട്. ഇവിടെ നിന്നാണ് ചാണകവും ഗോമൂത്രവും ശേഖരിക്കുന്നത്. ചാണകത്തിന് പകരം ഈ വീടുകളിലേക്ക് പച്ചക്കറിയും നെല്ലുമെത്തും. കൊയ്ത്തുകഴിഞ്ഞാല്‍ ഈ പശുക്കളെല്ലാം വേങ്ങേരി പാടത്താണ്. ഇവയ്ക്ക് ആവശ്യമായ പുല്ലും വൈക്കോലും ഈ പാടത്തുനിന്നും കിട്ടും. മിക്ക വീടുകളിലും ഖരമാലിന്യ സംസ്‌കരണത്തിനായി മണ്ണിര കമ്പോസ്റ്റ് ഒരുക്കിയിട്ടുണ്ട്. അതിനാല്‍ വേങ്ങേരിയില്‍ മാലിന്യമെന്ന പ്രശ്‌നവും ഉദിക്കുന്നില്ല. അവരവരുടെ അടുക്കളത്തോട്ടത്തിലേക്ക് ആവശ്യമായ ജൈവവളം ഈ മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകളില്‍ നിന്നും ലഭിക്കും. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെയും ഇവിടുത്തുകാര്‍ പരമാവധി നിയന്ത്രിക്കുന്നുണ്ട്.

വേങ്ങേരിയുടെ ജൈവ ആവാസവ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുന്നത് പൂനൂര്‍ പുഴയാണ്. അഞ്ച് വര്‍ഷം മുമ്പ് വരെ മാലിന്യം കുമിഞ്ഞുകൂടിയിരുന്ന പൂനൂര്‍ പുഴയെ വീണ്ടെടുക്കാന്‍ ശ്രമിച്ചവരില്‍ പ്രധാനി പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ പ്രഫ. ടി ശോഭീന്ദ്രനാണ്. സംസ്ഥാന സര്‍ക്കാരിന്റെ വൃക്ഷമിത്ര പുരസ്‌കാരം നേടിയ ശോഭീന്ദ്രന്‍ മാസ്റ്ററുടെയും സുഹൃത്തുക്കളുടെയും നിരന്തര പരിശ്രമത്തിലൂടെ പുഴയില്‍ മാലിന്യം തള്ളുന്ന പതിവ് നാട്ടുകാര്‍ ഉപേക്ഷിച്ചു. കൂടാതെ പുഴവക്കില്‍ നിരത്തി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി. ഇന്ന് മാനംമുട്ടെ നില്‍ക്കുന്ന വലിയ മരങ്ങളാണ് പൂനൂര്‍ പുഴയുടെ ഇരുവശത്തും കാണാനാവുക. പുഴയിലെ വെള്ളം കണ്ണുനീര്‍ പോലെ തെളിഞ്ഞു. വേങ്ങേരിക്കാരില്‍ മിക്കവരും കുളിമുറിയിലെ കുളി ഒഴിവാക്കി പൂനൂര്‍ പുഴയിലെത്തിത്തുടങ്ങി. സ്ഥിരമായി നീന്തല്‍ പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്. വേങ്ങേരിയിലെ കുട്ടികള്‍ സമ്പൂര്‍ണ നീന്തല്‍ സാക്ഷരത നേടിക്കഴിഞ്ഞു. പുഴക്കരയിലെ അര കിലോമീറ്റര്‍ നീളത്തിലുള്ള പുല്‍മേട് മനോഹരമായി സൂക്ഷിക്കാനും ഈ ജനകീയ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. ഗ്രാമമുറ്റം എന്ന് പേരിട്ടിരിക്കുന്ന ഇവിടം കൊടും ചൂടിലും കുളിരുപകരുന്നയിടമാണ്. വേങ്ങേരിയിലെ പൊതു പരിപാടികളെല്ലാം ഇവിടെയാണ് നടക്കുക.

ഏതാനും വീട്ടുകാര്‍ മുന്നിട്ടിറങ്ങി തുടങ്ങിവച്ച ഈ സംരംഭം ഇന്നൊരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. വേങ്ങേരി മുഴുവന്‍ ഇപ്പോള്‍ കൃഷിയിടമാണ്. ഒരു തുണ്ട് സ്ഥലം പോലും ഇപ്പോഴിവിടെ തരിശായി കിടക്കുന്നില്ല. ആയിരത്തോളം വീടുകളില്‍ അടുക്കളത്തോട്ടവും 11 റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ചുമതലയില്‍ പൊതുവായ കൃഷിയിടങ്ങളും യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും എത്തുന്ന വിഷംപുരണ്ട പച്ചക്കറികളൊന്നും തന്നെ ഇപ്പോള്‍ വേങ്ങേരിക്കാര്‍ക്ക് ആവശ്യമില്ല. എല്ലാത്തരം പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും നെല്ലും എന്തിന് കറിവേപ്പില വരെ സ്വന്തമായി കൃഷി ചെയ്‌തെടുക്കാന്‍ ഇവിടുത്തുകാര്‍ക്ക് കഴിഞ്ഞു. കേരളത്തില്‍ കൃഷി നഷ്ടമാണെന്നും സമ്പൂര്‍ണ ജൈവകൃഷി ഒരിയ്ക്കലും നടക്കാത്ത സ്വപ്നമാണെന്നും വാദിക്കുന്നവര്‍ക്ക് വേങ്ങേരി ഒരു ചുട്ട മറുപടിയാണ്. ഇവിടെ ഉണ്ടാകുന്ന ഓരോ സാധനങ്ങളും സമ്പൂര്‍ണ ജൈവ ഉത്പന്നങ്ങളാണ്. കൃഷിക്ക് ആവശ്യമായ ജൈവവളവും ജൈവ കീടനാശിനിയും ഇവിടെ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ മണ്ണിര കമ്പോസ്റ്റ് യൂണിറ്റും വേങ്ങേരിക്ക് സ്വന്തമാണ്.

വേങ്ങേരിയുടെ ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖന്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ടി ശോഭീന്ദ്രനാണ്. കോഴിക്കോട് പട്ടണം അതിവേഗം വേങ്ങേരിയിലേക്കും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നഗരവത്കരണം ഒഴിവാക്കാനാവില്ലെങ്കിലും അതിന്റെ പല ദൂഷ്യങ്ങളും ഒഴിവാക്കാനാവുമെന്നും പച്ചപ്പ് നിലനിര്‍ത്തിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാവുമെന്നുമുള്ള അദ്ദേഹത്തിന്റെ നിരന്തരമായ ഉപദേശം പ്രാവര്‍ത്തികമാക്കാന്‍ വേങ്ങേരിക്കാര്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സജീവാംഗവും സാമൂഹിക പ്രവര്‍ത്തകനുമായ ബാബു പറമ്പത്ത്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ സി അനില്‍കുമാര്‍, നിറവിന്റെ പ്രവര്‍ത്തകരായ പി പി മോഹനന്‍, പി പി രാമനാഥന്‍, നെല്‍കൃഷി കൂട്ടായ്മയുടെ കണ്‍വീനര്‍ പി ടി ഗോപാലകൃഷ്ണന്‍, ചെയര്‍മാന്‍ എം അപ്പൂട്ടി, പച്ചക്കറി കൃഷിക്ക് നേതൃത്വം നല്‍കുന്ന പി ശിവാനന്ദന്‍ നായര്‍ തുടങ്ങിയവരാണ് വേങ്ങേരിയുടെ പുതിയ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്

കടപ്പാട് .എസ് ജോസഫ്

ഗള്‍ഫ്‌ മലയാളി മാഗസിന്‍ ഫെബ്രുവരി ലക്കം.